പ്രണയിനി
കണ്ടിട്ടുമിനെന്നെ കാണാതെ പോകുവ -
തെന്തിനാണെൻ പ്രിയ കൂട്ടുകാരി
കാർമുകിൽ വർണന്റെ തിരുനടതന്നിൽ -
നിന്നകലുന്നതെന്തിനെൻ നാട്ടുകാരി
കാലപ്രവാഹത്തിനാഴിയിൽ വിലയിച്ച
നഷ്ട സ്വപ്നങ്ങളെ ഓർത്തുവോ നീ
കാലം മറച്ചൊരാ പ്രണയാഗ്നിനാള-
കരിന്തിരി വെട്ടത്തെ കണ്ടുവോ നീ
ആഴത്തിൽ നിൻ മനോഗർത്തത്തിലാണ്ടൊരെൻ -
ഗീതത്തെ വീണ്ടുമിന്നോർത്തുവോ നീ
പാടി പതിഞ്ഞൊരെൻ ഗാനത്തിൻ ശീലുകൾ
വാടിയ പൂപോൽ കൊഴിഞ്ഞിടവേ
അകലുന്ന നിൻ പാദധൂളികൾക്കിടയിലായ്
മറയുന്നു ഞാനും, നിന്നോർമകളും
ഇനിയും വരാത്തൊരാ പ്രണയാഗ്നി നാളുകൾ -
ക്കരികിലാണിനിയെന്റെ ജന്മം
രചയിതാവ് -കൃഷ്ണകുമാർ പെരുമ്പളം
Copy Right @ എ.വി .കൃഷ്ണകുമാർ പെരുമ്പളം
No comments:
Post a Comment